നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതോടെ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) രംഗത്ത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചാ നിരക്ക് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഈ വെല്ലുവിളി നേരിടാന്‍ തക്ക വണ്ണം സാങ്കേതിക വളര്‍ച്ച കൈവരിക്കുന്നില്ലെങ്കില്‍ സാമ്പത്തിക രംഗം ക്രിപ്റ്റോ കറന്‍സികള്‍ കീഴടക്കുന്ന കാലം വന്നു കൂടായ്കയില്ല എന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെ വേഗത ആണ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പീര്‍ ടു പീര്‍ ഇടപാടുകള്‍ വഴി ഇടനിലക്കാരെ ഒഴിവാക്കുന്ന ക്രിപ്റ്റോ കറന്‍സി കൈമാറ്റം ബാങ്കുകള്‍ വഴിയുള്ള മണി ട്രാന്‍സ്ഫര്‍ ഇടപാടുകളെക്കാള്‍ വേഗത്തിലാണ് നടക്കുന്നത്. കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയുള്ള സാമ്പത്തിക വിനിമയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ സ്വീകാര്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നും ഇത് ബാങ്കുകള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും ഇസിബി ചൂണ്ടിക്കാണിക്കുന്നു.
ബിറ്റ് കോയിന്‍ കൈമാറ്റത്തിനുപയോഗിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയോ അതിലും മികച്ച സാങ്കേതിക വിദ്യയോ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക വിപണിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്നും ഇസിബി ഡയറക്ടര്‍ യ്വേസ് മെര്‍ഷ് പ്രസ്താവിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, റിക്സ് ബാങ്ക് ഓഫ് സ്വീഡനും പോലെയുള്ള മുന്‍ നിര ബാങ്കുകള്‍ അവരുടേതായ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യത്തില്‍ മറ്റ് ബാങ്കുകള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും എസ്റ്റോണിയ സ്വന്തം ക്രിപ്റ്റോ കറന്‍സി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞതിന് പിന്നാലെ കൂടുതല്‍ ലോക രാജ്യങ്ങള്‍ ഈ പാത സ്വീകരിക്കാനോരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Leave a Reply