ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് നേഴ്സുമാർക്ക് കഷ്ട കാലമായിരുന്നു. ജീവിത ചിലവിനെ വരുതിയിലാക്കാൻ പലർക്കും ക്രെഡിറ്റ് കാർഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ . 10 എൻഎച്ച് എസ് നേഴ്സുമാരിൽ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക ഞെരുക്കം കാരണം പലരും ഊർജ്ജ ഉപയോഗം പരിമിതപ്പെടുത്താൻ നിർബന്ധിതരായി. ഭക്ഷണത്തിനു വേണ്ടി തന്നെ ബുദ്ധിമുട്ടിലായ ചിലരുടെ ദുരന്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലരും അധിക ഷിഫ്റ്റുകൾ ചെയ്യാൻ തയ്യാറാവുന്നതായാണ് റിപ്പോർട്ടുകൾ. മെച്ചപ്പെട്ട വേതനത്തിൻ്റെ അഭാവം പലരും എൻഎച്ച്എസിൽ നിന്ന് ജോലി ഉപേക്ഷിക്കുന്നതിന് തന്നെ കാരണമായിട്ടുണ്ട്. നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് എൻഎച്ച്എസ് നേരിടുന്നത് . നിലവിൽ എൻഎച്ച്എസിൽ ആകെ 35,000 നേഴ്സുമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ.


ഇംഗ്ലണ്ടിലെ ഏതാണ്ട് 11,000 നേഴ്സുമാരുടെ ഇടയിൽ റോയൽ കോളേജ് ഓഫ് നേഴ്സിങ് (ആർസിഎൻ) നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 2013 നും 2024 നും ഇടയിൽ നേഴ്സുമാരുടെ ശമ്പളത്തിന്റെ മൂല്യം 24.63% കുറഞ്ഞതായാണ് ലണ്ടൻ ഇക്കണോമിക്സ് എന്ന കൺസൾട്ടിംഗ് സ്‌ഥാപനത്തിന്റെ വിശകലനത്തിൽ കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത 60% നേഴ്സുമാരും ജീവിത ചിലവുകൾക്ക് പണം തികയാതെ വരുന്നതു മൂലം ക്രെഡിറ്റ് കാർഡും അതുമല്ലെങ്കിൽ നേരത്തെ ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ വിനിയോഗിക്കേണ്ടതായി വരുന്നുണ്ടെന്നാണ് സർവേയിലെ ഏറ്റവും പ്രധാന കണ്ടെത്തൽ.

ഇംഗ്ലണ്ടിലെ നേഴ്സുമാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർസിഎന്നിൻ്റെ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫ. പാറ്റ് കുള്ളൻ പറഞ്ഞു . നേഴ്സുമാർക്ക് 2023- 24 വർഷത്തിൽ 5% ശമ്പള വർദ്ധനവ് ആണ് ലഭിച്ചത്. ഈ ശമ്പള വർദ്ധനവ് പൊതുമേഖലയിലെ മറ്റ് തസ്തികകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവാണ്.