ന്യൂയോർക്ക്: ചൈന രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന അനുമാനവുമായി സാമ്പത്തിക വിദഗ്ധർ. വിവിധ രാജ്യങ്ങളുമായുളള ചൈനയുടെ ഇടപാടുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു നിഗമനത്തിൽ സാമ്പത്തിക വിദഗ്ധർ എത്തിയത്. മിക്കരാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈനയ്ക്കുളളതെന്നും ഭക്ഷ്യവസ്തുക്കളുടെ വൻതോതിലുളള ഈ ഇടപാട് ചൈന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ തെളിവാണെന്നുമാണ് വിദഗ്ധരുടെ നിഗമനം.
2020 ജൂലായിൽ ചൈനയിലെ ഭക്ഷ്യ വിലക്കയറ്റം 13.2 ശതമാനമായി ഉയർന്നിരുന്നു. ഒരു സാധാരണ ചൈനീസ് പൗരൻ ഉപയോഗിക്കുന്ന ധാന്യങ്ങൾ മുതൽ ഇറച്ചിവരെയുളള എല്ലാ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില ക്രമാതീതമായി ഉയർന്നിരുന്നു. ചൈനക്കാർ ഏററവും കൂടുതൽ ഉപയോഗിക്കുന്ന മാട്ടിറച്ചി, പന്നിയിറച്ചി എന്നിവയുടെ വില 86 ശതമാനം ഉയർന്നിരുന്നതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയിരുന്നു.
ലോകമെമ്പാടുനിന്നും തിടുക്കത്തിൽ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്. പ്രധാന ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ ശ്രമിക്കുന്നതിൽ നിന്നും രാജ്യം അഭിമുഖീകരിക്കുന്നത് ഗുരുതരമായ ഭക്ഷ്യക്ഷാമാണെന്ന് അനുമാനിക്കാം.
ചൈന ജനറൽ അഡ്മിനിസ്ട്രേഷൻ കസ്റ്റംസിന്റെ കണക്കനുസരിച്ച് ഈ വർഷം ആദ്യപകുതിയോടെ ധാന്യ ഇറക്കുമതി 22.7 ശതമാനം വർധിപ്പിച്ചു. 74.51 ദശലക്ഷം ടൺ ധാന്യമാണ് ചൈന ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സോയാബീന്റെ ഏറ്റവും വലിയ ഉല്പാദകരാണ് ചൈന, എന്നിട്ടും യുഎസിൽ നിന്നും ഈ വർഷം 40 ദശലക്ഷം സോയാബീൻ ഇറക്കുമതി ചെയ്യാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്.
ചൈനയുടെ ഇറക്കുമതി ഡേറ്റകൾ പ്രകാരം കഴിഞ്ഞ ഏഴുവർഷത്തിനുളളിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്തിരിക്കുന്നത് ഈ വർഷം ജൂണിലാണ്. ജൂൺ 2020ൽ 9,10,000 ടൺ ഗോതമ്പാണ് ചൈന ഇറക്കുമതി ചെയ്തത്. ഇതിനുപുറമേ 8,80,000 ടൺ ചോളം, 1,40,000 ടൺ പഞ്ചസാര എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
ചൈനയിൽ വെള്ളപ്പൊക്കം, വെട്ടുകിളി ആക്രമണം, ആഫ്രിക്കൻ പന്നിപ്പനി എന്നിവയെ തുടർന്ന് രാജ്യത്തെ കാർഷികമേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്നു. ഭക്ഷ്യഉപഭോഗവും ഉല്പാദനവും തമ്മിലുളള അന്തരം പരിഹരിക്കുന്നതിനായി ആഫ്രിക്കൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ ഫലഭൂയിഷ്ടമായ സ്ഥലങ്ങളും വിളനിലങ്ങളും വാങ്ങാനും പാട്ടത്തിനെടുക്കാനും ചൈന ആരംഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽ കൃഷിനിലങ്ങൾ വാങ്ങുന്നതിനായി 94 ബില്യൺ യുഎസ് ഡോളറാണ് ചൈന ചെലവഴിച്ചിരിക്കുന്നത്.
Leave a Reply