സംസ്ഥാനത്ത് സ്കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര് അധ്യാപകരും 12 പേര് അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Leave a Reply