ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഒഴുകി വന്നു. തലയില്ലാത്ത ശരീരമാണ് കണ്ടെത്തിയത്. ഉടലും കൈകളും മാത്രമാണ് മൃതദേഹത്തിലുള്ളത്. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് സമീപമാണ് ഒഴുകി വന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം തടസപ്പെട്ടിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തോട്ടിയും കയറും ഉപയോഗിച്ച് മൃതദേഹം ഒഴുകി പോകാതെ ഇവർ തടഞ്ഞിട്ടു. പിന്നീട് രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഘം എത്തിയശേഷമാണ് ശരീരഭാഗങ്ങൾ കരക്കെടുത്തത്. സ്ത്രിയുടേതെന്ന് തോന്നിക്കുന്ന ഉടലും കൈകളുമാണ് കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇൻക്വസ്റ്റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മുകളിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്ന് ഒരു മാസം മുമ്പ് യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ആറ്റുകാട്ടിൽ നിന്ന് പുഴയിൽ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്.
അരയ്ക്ക് താഴ്പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവ് വെട്ടിമുറിച്ചതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Leave a Reply