കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട