ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള ലഹളകൾ യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി സണ്ടർലാൻഡിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന്റെ വിവരങ്ങൾ പുറത്തു വന്നു. സണ്ടർലാൻഡിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസ് പാടുപെടുന്നതിനിടയിൽ ആക്രമികൾ ഒരു കെട്ടിടത്തിന് തീയിടുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തു.
പോലീസ് ഓഫീസിന് തീയിട്ടതായാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും സമീപത്തുള്ള കെട്ടിടത്തിനാണ് തീയിട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ആക്രമത്തിന് നേതൃത്വം നൽകി തീവ്ര വലതുപക്ഷ പ്രവർത്തകർ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസിനെ ആക്രമിക്കുകയും തെരുവുകൾ യുദ്ധക്കളമാവുകയും ചെയ്തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗ്ലാസ്‌ഗോ മുതൽ ഡോവർ വരെയുള്ള രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പ്രകടനങ്ങൾ നടക്കുമെന്നാണ് കരുതുന്നത്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖിക്കുന്ന സമൂഹത്തെ വീണ്ടും ദുരിതത്തിലാക്കാനെ ഇത്തരം കലാപങ്ങൾ ഉപകരിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Leave a Reply