ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏഴ് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തു. 5 പേർ അറസ്റ്റിലായ വിവരം നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വീണ്ടും മൂന്ന് ഇറാനിയൻ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.
ആദ്യം അഞ്ച് പേർ അറസ്റ്റിലായതും പിന്നീട് മൂന്നുപേരു കൂടി അറസ്റ്റിലായതും വ്യത്യസ്ത സംഘങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സംഘങ്ങൾ തമ്മിൽ പരസ്പരബന്ധമില്ലെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. നമ്മുടെ രാജ്യം സുരക്ഷിതമായി നിലനിർത്താൻ സ്വീകരിച്ച നടപടിക്ക് പോലീസിനും സുരക്ഷാ സേവനങ്ങൾക്കും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു.
ദേശീയ സുരക്ഷാ ഭീഷണികളോട് കരുതലോടെ പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത ഓപ്പറേഷനിൽ വിരുദ്ധ നാല് പേരെ തീവ്രവാദ നിയമപ്രകാരം ആണ് കസ്റ്റഡിയിലെടുത്തത് . അഞ്ചാമത്തെ വ്യക്തിയെ , ക്രിമിനൽ എവിഡൻസ് (പേസ്) ആക്ട് പ്രകാരം ആണ് പോലീസ് അറസ്റ്റ് ചെയ്തത് . വെസ്റ്റ് ലണ്ടനിലെ സ്വിൻഡൺ, സ്റ്റോക്ക്പോർട്ട്, റോച്ച്ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് . അന്വേഷണം ഇപ്പോഴും പ്രാരംഭ ദശയിലാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സാധ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മെറ്റ്സ് കൗണ്ടർ ടെററിസം കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.
Leave a Reply