ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകൾ പിടിവിട്ട് ഉയരുന്നതു കാരണം ആശുപത്രികൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ കോവിഡ് പ്ലാനുകൾക്ക് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്ത് 157,758 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരെയോ അല്ലെങ്കിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും അവ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നും അറിയേണ്ടത് പ്രധാനമാണ്. ഒമിക്രോൺ വൈറസ് ബാധയുടെ ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ.
തൊണ്ടയിൽ പൊട്ടൽ
ഒമിക്രോൺ ബാധിതർ പ്രധാനമായും പറയുന്ന പ്രശ്നമാണ് തൊണ്ടയിലെ ‘പോറൽ’. ഇത് അസാധാരണമാണ്. ഒപ്പം തൊണ്ടവേദനയെക്കാൾ വേദനാജനകവും.
ക്ഷീണം, മൂക്കൊലിപ്പ്
മുമ്പത്തെ വകഭേദത്തിന് സമാനമായി ഒമിക്രോണും കടുത്ത ക്ഷീണം ഉണ്ടാക്കിയേക്കാം. ഊർജ കുറവും അമിത ക്ഷീണവും അനുഭവപ്പെടാം. മൂക്കൊലിപ്പും പ്രധാന ലക്ഷണമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വരണ്ട ചുമ, നടുവേദന, തലവേദന
ഒമിക്രോൺ ബാധിച്ചവരിൽ വരണ്ട ചുമയ്ക്ക് വളരെ സാധ്യതയുണ്ട്. മുൻകാല സ്ട്രെയിനുകളിലും ഇത് ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നായിരുന്നു. നടുവേദനയും തലവേദനയും പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
രാത്രി വിയർപ്പും ശരീരവേദനയും
ഒമിക്രോൺ വേരിയന്റിന്റെ ലക്ഷണമാണ് രാത്രി വിയർപ്പ്. രാത്രിയിൽ നിങ്ങൾ നന്നായി വിയർക്കുന്നു. നിങ്ങൾ തണുത്ത സ്ഥലത്ത് കിടന്നാലും നിങ്ങളുടെ വസ്ത്രങ്ങളും കിടക്കകളും വിയർത്ത് നഞ്ഞിരിക്കും. ശരീര വേദന ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം വിയർപ്പ് ഉണ്ടാകാം.
തനിയെ മാറുന്ന നേരിയ പനിയും ഒമിക്രോൺ ലക്ഷണമായി കണക്കാക്കുന്നു. ശരീര താപനില നേരിയ തോതിൽ ഉയരുമെങ്കിലും സ്വയം തന്നെ മെച്ചപ്പെടും. ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
Leave a Reply