ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഔദ്യോഗികവസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റുകളുടെ നവീകരണത്തെ സംബന്ധിച്ച് പുതിയ വിവാദം രൂപപ്പെട്ടിരിക്കുകയാണ്. ആരാണ് ഈ നവീകരണ പദ്ധതികൾക്ക് പണം മുടക്കിയത് എന്നതാണ് ലേബർ പാർട്ടി വൃത്തങ്ങൾ ഉന്നയിക്കുന്ന ചോദ്യം. ഇത് സംബന്ധിച്ച യഥാർത്ഥമായ വിവരങ്ങൾ വെളിപ്പെടുത്തുവാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദം ഏറുകയാണ്. നവീകരണ ആവശ്യങ്ങൾക്ക് പണം കൊടുക്കുവാനായി രഹസ്യ ഡോണർമാരെ പ്രധാനമന്ത്രി ഉൾപ്പെടുത്തി എന്ന പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഡോമിനിക് കമ്മിങ്സിന്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥാൻ ആഷ് വാർഥ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേതാക്കൾ ഡൊണേഷനുകൾ സ്വീകരിക്കുന്നത് നിയമ വിരുദ്ധമല്ല, എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം ജനങ്ങൾക്ക് മുൻപിൽ നടത്തേണ്ടതാണ്. ഇത്തരം ഡൊണേഷനുകൾ ഉന്നത നേതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുവാൻ ആണ് ഇത്. എന്നാൽ പ്രധാനമന്ത്രി വ്യക്തിപരമായി ആണ് ഈ പണം ചെലവാക്കിയത് എന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇതുവരെയും ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ ഒരു വിശദീകരണം ഉണ്ടായിട്ടില്ല.

പ്രധാനമന്ത്രി കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് ലേബർ പാർട്ടി എംപിമാർ ആരോപിക്കുന്നത്. ഇതിനിടെ കൊറോണ രോഗത്തെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. ശവശരീരങ്ങൾ വർദ്ധിച്ചാലും മൂന്നാമതൊരു ലോക് ഡൗൺ ഏർപ്പെടുത്തുക ഇല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ തന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് പ്രധാനമന്ത്രിക്കു മേൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.