‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ ആര്‍ക്കും സാധിക്കില്ല.
എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.
തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.
കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്‍കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.
പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.
10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍
2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്‌കരന്‍ (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്‌പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന്‍ (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)
ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍
2024 ജനുവരി 31-ന് തിരുനെല്ലി തോല്‌പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍ (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന്‍ പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).
Leave a Reply