സ്വന്തം ലേഖകൻ
ലണ്ടൻ : ബിറ്റ്കോയിനെ നിയമപരമായ ടെൻഡറായി അംഗീകരിച്ച് ഡോളറിനൊപ്പം ബിറ്റ്കോയിനിനെയും സ്വന്തം രാജ്യത്തിന്റെ ഔദ്യാഗിക കറൻസിയായി മാറ്റിയ എൽ സാൽവഡോറിന്റെ ചരിത്രപരമായ നീക്കത്തെ ക്രിപ്റ്റോ കറൻസി പ്രേമികളും സാമ്പത്തിക മേഖലയും ആവേശപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു . ഇനിമുതല്‍ ഒരു രാജ്യത്തിന്റയോ കേന്ദ്ര ബാങ്കിന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയെന്ന പഴി ബിറ്റ്കോയിനിനില്ല. ഇതോടെ ലോകത്ത് ക്രിപ്റ്റോ കറന്‍സിയെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന മധ്യ അമേരിക്കൻ രാജ്യം മാറി. അതോടൊപ്പം മറ്റ് പല രാജ്യങ്ങളെയും ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും എൽ സാൽവഡോർ കാരണമായി.
84 ല്‍ 62 വോട്ടുകള്‍ നേടി ബിറ്റ്കോയിനെ അംഗീകൃത കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായെന്നും 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റ് നായിബ് ബുക്കെലെ പറഞ്ഞു. യു.എസ്. ഡോളര്‍ നിയമപരമായ കറന്‍സിയായി തുടരുമെന്നും ബിറ്റ്കോയിന് ഉപയോഗം ഓപ്ഷണലായിരിക്കുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്തമാക്കി. ഓരോ ഇടപാടിലും ബിറ്റ്കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ പണമിടപാടുകളാണ് സാല്‍വഡോറിന്റെ പ്രധാന വരുമാനം. സാല്‍വഡോറിന്റെ ജി.ഡി.പിയുടെ 22 ശതമാനവും ഈ കണക്കില്‍പ്പെടുന്നതാണ്. 2020 ല്‍ ഇത് 590 കോടി ഡോളറായിരുന്നു. കോടിക്കണക്കിന് ഡോളര്‍ പണമയയ്ക്കാനും ഇടനിലക്കാര്‍ക്കായി ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുന്നത് തടയാനുമാണ് അതിവേഗം വളരുന്ന ബിറ്റ്കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന് ബുക്കലെ പറഞ്ഞു.
ലോകത്തെ പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും അഭിഭാഷകരും എൽ സാൽവഡോറിന്റെ ഈ നടപടിയെ ക്രിപ്റ്റോ കറൻസികൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നതിനുള്ള സുപ്രധാന ഘട്ടമായി കാണുന്നു . എൽ സാൽവഡോർ പൂർണ്ണമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ നീക്കം സഹായിക്കുമെന്നും ബിറ്റ്ഫിനെക്സിന്റെ ചീഫ് ടെക്നോളജി ഓഫീസർ പൗലോ അർഡോനോ പറഞ്ഞു.
എൽ സാൽവഡോർ നിയമപരമായ ടെൻഡറായി ബിറ്റ്കോയിനിനെ സ്വീകരിച്ചപ്പോൾ ഞങ്ങൾ ഇത്രയും കാലം പറഞ്ഞ കാര്യം ലോകം അംഗീകരിച്ചിരിക്കുന്നുവെന്നും, ബിറ്റ്കോയിന് യൂട്ടിലിറ്റി ഉണ്ടെന്നും, ഫിയറ്റ് കറൻസികൾക്ക് ഇത് ഒരു ബദലാണെന്നും, ഇത് മാനവികതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും, ഒരു മഹത്തായ നിമിഷമാണിതെന്നും അഭിപ്രായപ്പെട്ടു.
ബ്ലോക്ക്ചെയിൻ കമ്പനിയായ ഫെച്ച് ഐയുടെ സിഇഒ ഹുമയൂൺ ഷെയ്ഖ് എൽ സാൽവഡോർ പോലുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും വ്യക്തികളെയും ആകർഷിക്കുമെന്നും, ഒരുപിടി രാജ്യങ്ങൾ ബിറ്റ്കോയിൻ സ്വീകരിക്കുകയോ, കരുതൽ ശേഖരമായി ഉപയോഗിക്കാൻ ബിറ്റ്കോയിൻ വാങ്ങുകയോ ചെയ്യുന്നത് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും ക്രിപ്റ്റോ കറൻസി ദത്തെടുക്കുന്നതിന് ആക്കം നൽകുകയും ചെയ്യുമെന്നും അംബർ ഗ്രൂപ്പിലെ അമേരിക്കയുടെ തലവൻ ജെഫ്രി വാങും അഭിപ്രായപ്പെട്ടു.
ഒരു രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ബിറ്റ്കോയിനിനെ സ്വീകരിക്കുമ്പോൾ അവരുടെ രാജ്യത്തേക്ക് മൂലധനവും കഴിവും ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകുമെന്നും, ക്രിപ്റ്റോ കറൻസി ബിസിനസുകളുടെ കേന്ദ്രമായി എൽ സാൽവഡോർ മാറുന്നതിന് ഈ നിയമം സഹായകമാകുമെന്നും വാങ് പറഞ്ഞു.
സ്വകാര്യ മേഖലയിൽ ബിറ്റ്കോയിൻ ഖനന ഓപ്പറേറ്റർമാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് സർക്കാർ നേരിട്ട് ഖനനം നടത്തി ബിറ്റ്കോയിനിന്റെ മേൽ ആധിപത്യം സ്ഥാപിക്കാം എന്ന ചൈനയുടെ തന്ത്രത്തിനാണ് സാൽവഡോറിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും സാൽവഡോറിനെ പിന്തുടരാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതും, ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ക്രിപ്റ്റോ റെഗുലേഷനുമായി ബന്ധപ്പെട്ട ബില്ലിന്മേൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നതും വരുന്ന സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസികൾക്കുള്ള വലിയ സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ സാധ്യതയെ ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ പരസ്പരം മത്സരിക്കുമ്പോൾ ഓരോ ക്രിപ്റ്റോ കറൻസികൾക്കും വലിയ രീതിയിലുള്ള വില കയറ്റമായിരിക്കും വരും വർഷങ്ങളിൽ ഉണ്ടാക്കുവാൻ പോകുന്നത്.
Leave a Reply