ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
October 22 03:02 2019 Print This Article

അടുത്ത നാല് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്‍റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും.

24 മണിക്കൂർ നേരം കൊണ്ട് ശരാശരി 5.2 സെന്‍റിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്. 20 സെന്‍റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്.

ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴ കേരളമെമ്പാടും ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles