ന്യൂസ് ഡെസ്ക് മലയാളം യുകെ

എൽ സാൽവഡോർ: ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം രാജ്യത്തിന്റെ നാണയമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് മധ്യ അമേരിക്കയിലെ എൽ സാൽവഡോർ. 20 മില്ല്യൺ ഡോളർ മൂല്യമുള്ള 400 ബിറ്റ് കോയിൻ വാങ്ങിയെന്ന് പ്രസിഡന്റ് നയിബ് ബൂകെലെ അറിയിച്ചിരുന്നു. ബിറ്റ് കോയിനിലൂടെ നേടിയ ലാഭത്തിൽ നിന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് ഈ രാജ്യം. ഇത്തവണ 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ നിർമ്മിക്കാനാണ് ക്രിപ്റ്റോ കറൻസിയിൽ നിന്ന് കിട്ടിയ ലാഭം വിനിയോഗിക്കുന്നത്. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ വഴി സാൽവഡോറിലെ ജനങ്ങൾക്ക് ക്രിപ്‌റ്റോകറൻസി വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

 

ഈ പദ്ധതി, രാജ്യത്തെ പൗരന്മാർക്ക് അധിക നികുതി ഭാരം ചുമത്തില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു. എൽ സാൽവഡോറിന്റെ ‘മൈ ന്യൂ സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗമായി ആസൂത്രണം ചെയ്ത 400 സ്കൂളുകളിൽ 20 ബിറ്റ് കോയിൻ സ്കൂളുകൾ ഉൾപ്പെടും. സെപ്റ്റംബർ 7 നായിരുന്നു രാജ്യം ബിറ്റ് കോയിൻ നിയമവിധേയമാക്കിയത്. ബിറ്റ് കോയിൻ ഹോൾഡിംഗിലൂടെ  രാജ്യം 12 മില്യൺ ഡോളർ (8.80 മില്യൺ പൗണ്ട്) ലാഭം നേടിയതായി ഗവണ്മെന്റ് വെളിപ്പെടുത്തുന്നു.

 

ബിറ്റ് കോയിൻ ലാഭത്തിൽ നിന്ന് തലസ്ഥാന നഗരമായ സാൻ സാൽവഡോറിൽ പുതിയ മൃഗാശുപത്രി നിർമ്മിക്കാനും പദ്ധതിയുണ്ട്. പുതിയ മൃഗാശുപത്രി എങ്ങനെയായിരിക്കുമെന്നതിന്റെ വീഡിയോയും പുറത്തിറക്കികഴിഞ്ഞു. പുതിയ മൃഗാശുപത്രിയിൽ നാല് ഓപ്പറേഷൻ റൂമുകളും നാല് എമർജൻസി ക്ലിനിക്കുകളും 19 ഓഫീസുകളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.