ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സയ്ക്കും മരുന്ന് ലഭിക്കുന്നതിനും 52 മണിക്കൂർ കാത്തിരിപ്പിനു ശേഷം രോഗി മരിക്കാനിടയായ സംഭവം എൻഎച്ച്എസിൻ്റെ മേൽ കടുത്ത വിമർശനങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്ന അടിയന്തിര പരിചരണത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. പതിവ് അപ്പോയിന്റ്മെൻ്റുകൾക്ക് ശേഷം അത്യാഹിത വിഭാഗത്തിലേയ്ക്ക് അയച്ച 85 വയസ്സുകാരനാണ് ദുരവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വന്നത്. രണ്ട് ദിവസവും മരുന്നും പരിചരണവുമില്ലാതെ ആശുപത്രിയിലെ ഇടനാഴിയിൽ അദ്ദേഹത്തിന് ചിലവഴിക്കേണ്ടതായി വന്നു.
ഇതിനു ശേഷം മൂന്നാഴ്ചകൾക്കകം രോഗി മരിക്കുകയും ചെയ്ത സംഭവം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന വിമർശനം ശക്തമാണ്. പാർക്കിൻസൺസ് രോഗമുള്ള അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ പല ഇടവേളകളിൽ മരുന്ന് ആവശ്യമായിരുന്നു. ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് ബോഡിയുടെ (എച്ച്എസ്എസ്ഐബി) റിപ്പോർട്ട് അനുസരിച്ച് ഈ ശാരീരികമായ അവസ്ഥയുള്ള രോഗികൾക്ക് 18 ഡോസ് മരുന്നുകൾ എങ്കിലും ലഭിക്കേണ്ടതായിരുന്നു.
രോഗിയുടെ മരണത്തിൽ എൻഎച്ച്എസിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ ആശുപത്രിയുടെയോ രോഗിയുടെയോ പേര് വെളിപ്പെടുത്തിയിട്ടില്ല. എ & ഇ യിൽ 52 മണിക്കൂർ നേരം കാത്തിരിപ്പിനു ശേഷം പാർക്കിൻസൺ രോഗ ലക്ഷണങ്ങൾ വഷളാകുകയും ഭക്ഷണം വിഴുങ്ങാനുള്ള രോഗിയുടെ കഴിവ് നഷ്ടമാകുകയും ചെയ്തതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 52 മണിക്കൂർ ആശുപത്രി വരാന്തയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ 85 വയസ്സുള്ള വൃദ്ധൻ മരണമടഞ്ഞപ്പോൾ നാണക്കേട് സംഭവിച്ചത് ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആണ് . നെഞ്ചിലെ അണുബാധ, പാർക്കിൻസൺസ്, വാർദ്ധക്യത്തിൻ്റെ ബലഹീനത എന്നിവയാണ് രോഗിയുടെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാരണങ്ങൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒക്ടോബർ മാസത്തിൽ എ & ഇ ഡിപ്പാർട്ട്മെൻ്റിൽ 49,592 പേർക്കാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. രോഗികൾ എ &ഇ യിൽ അടിയന്തിര ചികിത്സയ്ക്കായി കാത്തിരിക്കുന്നതും മരുന്നും പരിചരണവും കിട്ടാതെ ജീവൻ വെടിയുന്നതും ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡൻ്റ് ഡോ.അഡ്രിയൻ ബോയിൽ പറഞ്ഞു.
Leave a Reply