ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണ്. കുട്ടികളുമായി സൗഹൃദത്തിലായ ശേഷമാണ് ഈ സംഘങ്ങൾ ഇവരെ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം സംഘങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ വെളിപ്പെടുത്തി ഒരു അമേരിക്കൻ ചൈൽഡ് സെക്‌സ് ക്രൈം ഇൻവെസ്റ്റിഗേറ്റർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

പോലീസുകാരിയും, മൂന്ന് കുട്ടികളുടെ അമ്മയും, ടിക്ടോകിൽ ഗേൾകോപ്പ് എന്നറിയപ്പെടുന്നതുമായ ടെറ അവില്ലയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുട്ടികളുടെ ഉറക്കം, ശരീരത്തിലെ വിവിധ അവയവങ്ങൾ എങ്ങനെ സൂക്ഷിക്കണം എന്നിവയെ കുറിച്ച് കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയുന്നതിനെകുറിച്ചും ഗാർഹിക പീഡനത്തെകുറിച്ചും സമാന രീതിയിൽ ടെറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. കുട്ടികളെ സ്വന്തം കണ്ണുകൾ എത്തുന്ന രീതിയിൽ വളർത്തുക. ഒരുപ്രായം കഴിയുന്നത് വരെ മറ്റുള്ളവർക്ക് ഒപ്പം ഉറങ്ങാൻ അനുവദിക്കേണ്ടതില്ല. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഉറങ്ങട്ടെ. അതുപോലെ തന്നെ ഉറക്കചടവുകളോടെ എങ്ങും തന്നെ കുട്ടികളെ അയക്കരുത്. നന്നായി ഉറങ്ങുക എന്നുള്ളത് പ്രധാനമാണ്. ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്ന വിഷയം എന്ന രീതിയിൽ മുഖ്യ പരിഗണന ഉറക്കത്തിനു നൽകണം.

2. സ്‌നാപ് ചാറ്റ് ഉപയോഗിക്കാൻ അനുവദിക്കരുത്. കാരണം, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കൂടുതലും സ്‌നാപ് ചാറ്റ് പോലുള്ള ഓൺലൈൻ ആപ്ലിക്കേഷൻ മുഖേനെയാണ് വലവിരിക്കുന്നത്. അതിനാൽ ജാഗ്രത പുലർത്തണം.

3. കുടുംബാംഗങ്ങൾ ഉൾപ്പെടെ ആരെയും തന്നെ കുട്ടികളെ ഉമ്മവെക്കാനോ, കെട്ടിപ്പിടിക്കാനോ അനുവാദം നൽകരുത്. അത് എത്ര അടുത്ത ബന്ധു ആയിരുന്നാലും. കുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചുള്ള സ്നേഹം വേണ്ട എന്ന് തന്നെ വെക്കുക. ശരീരത്തിൽ ആരെങ്കിലും സ്പർശിക്കാൻ മുതിർന്നാൽ അനുവാദം എന്നൊരു കാര്യം അത്യാവശ്യം ആണെന്നും അവരെ പഠിപ്പിക്കുക.

4. കുട്ടികൾ രഹസ്യങ്ങൾ സൂക്ഷിക്കുന്ന സ്വഭാവം ഒഴിവാക്കുക. രഹസ്യങ്ങൾ പല തരത്തിലുള്ളതാണ്. ചിലത് നല്ലതും ചിലത് ചീത്തയുമാകാം. അത് രണ്ടു രീതിയിലും കുട്ടികളെ ബാധിക്കാൻ ഇടയുണ്ട്.

5. അവസാനമായി, കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ശരിയായ പേരുകൾ തന്നെ അവരെ പറഞ്ഞു പഠിപ്പിക്കുക. പലപ്പോഴും മറ്റ് പല പേരുകളാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാൽ കുട്ടികളൊരു പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ അവർ പറയുന്നതിൽ വ്യക്തത വേണം. പലപ്പോഴും ഈ ഒരു കാരണത്താൽ തന്നെ പോലീസ് വലയാറുണ്ട്.