തപാൽ വോട്ടുകൾ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മുൻമന്ത്രി ജി. സുധാകരന്റെ മൊഴിയെടുത്തു. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
അന്പലപ്പുഴ തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മൊഴിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മൊഴിയെടുത്തതെന്ന് തഹസീൽദാർ പറഞ്ഞു.
റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും തഹസീൽദാർ അറിയിച്ചു. വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. മുൻപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന് പറഞ്ഞത്. തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്കാര് വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്.
കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
Leave a Reply