പുതിയ വര്‍ഷം സംസ്ഥാനത്ത് വൈദ്യുത വാഹന വിപണി ടോപ് ഗിയറിലേക്ക്. കേരളത്തില്‍ ജനുവരിയില്‍ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടുതന്നെ 188 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ മൊത്തം 265 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്. 2021-ല്‍ മൊത്തം 8,683 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു വരുന്നതേയുള്ളൂവെങ്കിലും വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ കേരളവും വേഗത്തിലാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. പെട്രോള്‍-ഡീസല്‍ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്ത നിലയില്‍ തുടരുന്നതും സി. എന്‍.ജി. വിലവര്‍ധന സംബന്ധിച്ച ആശങ്കകളും വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി കൂട്ടുമെന്നാണ് വാഹന നിര്‍മാണ കമ്പനികളുടെ പ്രതീക്ഷ. അതേസമയം, ഈ വര്‍ഷത്തോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം അസാധ്യമാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില താരതമ്യേന കൂടുതലാണെങ്കിലും മറ്റ് ചെലവുകളൊന്നും പിന്നീട് വരില്ലെന്ന് ഫാഡ കേരള ചെയര്‍മാന്‍ സാബു ജോണി പറഞ്ഞു. അതായത്, പെട്രോള്‍ വാഹനത്തിന് ഒരു മാസം ചുരുങ്ങിയത് 5,000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്നുണ്ടെങ്കില്‍ വൈദ്യുത കാറിന് ഏകദേശം 1,000 രൂപയില്‍ കൂടുതല്‍ ചെലവ് വരില്ല.

വീടുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നവര്‍ക്ക് ചെലവ് ഇതിനെക്കാള്‍ കുറയും. 2023-ഓടെ മിക്ക വാഹന നിര്‍മാതാക്കളും ഇ.വി. മോഡലുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ഇ.വി. വില്പന വലിയ തോതില്‍ കൂടും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സൗകര്യങ്ങളൊരുക്കുന്നതില്‍ കേരളം പ്രായോഗികമായി മുന്നേറുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. വൈദ്യുത വാഹന വില്പന പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കേരളം ശരാശരിയില്‍ നില്‍ക്കുന്നുവെന്നേ പറയാന്‍ കഴിയുകയുള്ളൂവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു ജോണി പറയുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘ഇ.വി. സബ്സിഡി’ നല്‍കുന്നതില്‍ മുന്നിലാണ്. കേരളം, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, യു.പി., മധ്യപ്രദേശ് തുടങ്ങിയവയാണ് സബ്സിഡി നല്‍കുന്നതില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിക്ക മെട്രോ നഗരങ്ങളിലും വൈദ്യുത വാഹനങ്ങളുടെ റോഡ് നികുതി പൂജ്യം ശതമാനമാണ്. കേരളത്തില്‍ അഞ്ച് ശതമാനമാണ് റോഡ് നികുതി. വൈദ്യുത വാഹന നയത്തില്‍ മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ-റിക്ഷ) മാത്രമാണ് കേരളം പര്‍ച്ചേസ് സബ്സിഡി നല്‍കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും എസ്.യു.വി.കളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍സെന്റീവുകളൊന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.

റോഡ് നികുതിയില്‍ 100 ശതമാനം ഇളവ് നല്‍കിയ സംസ്ഥാനങ്ങള്‍

ഡല്‍ഹി
മഹാരാഷ്ട്ര
മേഘാലയ
അസം
ബിഹാര്‍
പശ്ചിമ ബംഗാള്‍
ഉത്തര്‍പ്രദേശ്
കര്‍ണാടക
തമിഴ്നാട്

വൈദ്യുത വാഹനങ്ങളില്‍ ടാക്സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. സാധാരണ ടാക്സി കാറുകള്‍ക്ക് റോഡ് നികുതിയില്‍ ഇളവുണ്ടെങ്കിലും ഇലക്ട്രിക് ടാക്സി കാറുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതിയാണ്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കണം. ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ക്ക് കാലതാമസം നേരിടുന്നു. സൗകര്യങ്ങള്‍ വൈകുന്നതിനനുസരിച്ച് ഇലക്ട്രിക്കിലേക്കുള്ള വേഗവും കുറയും.

ചാര്‍ജിങ് സ്റ്റേഷനുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്ത് ഉടമകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം മിക്കയിടങ്ങളിലുമില്ല. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കൊപ്പം ഇത്തരം സൗകര്യങ്ങള്‍ കൂടി വരണം.