എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ വൈദ്യുതിയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്. 759 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് കാരണം.
വാടക വീടായതിനാൽ ഉടമസ്ഥന്റെ പേരിലാണ് ബിൽ വരുന്നത്. അതിനാൽ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതുമില്ല. പിന്നീട് ബിൽ അടച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഫ്യൂസ് തിരികെ നൽകി.
സാധാരണ മുൻകൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാൽ പറഞ്ഞു. ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
Leave a Reply