മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നാല് നിര്‍മ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളാണ് കേസിലെ പ്രതികള്‍.

നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.

ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. ഇതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം നല്‍കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാല് ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.

ഫ്‌ളാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.