തമിഴ്നാട് ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന്‍ വയനാട്ടിലെ ബത്തേരിയിലെത്തി. പി.എം. 2 എന്ന കൊമ്പന്‍റെ സാന്നിധ്യത്തെതുടര്‍ന്ന് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബത്തേരി നഗരത്തിൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് കാട്ടാനയിറങ്ങിയത്.
പുലർച്ചെ രണ്ട് മണിയോടെ ടൗണിൽ ഇറങ്ങിയ ആന വഴിയാത്രക്കാരനായ തമ്പിയെ ആക്രമിച്ചു. ദൂരേക്ക് തെറിച്ചു വീണ് പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കട്ടയാട്, മുള്ളൻകുന്ന്, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി.
രാവിലെയാണ് വനം വകുപ്പ് സംഘം ആനയെ വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ തുടരുന്ന ആനയെ ഉള്ളിലേക്ക് തുരത്തുകയോ പിടികൂടുകയോ ചെയ്യും. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പി.എം 2 എന്ന ആനയാണ് അക്രമം നടത്തിയത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്ന ആന അൻപതിലധികം വീടുകളും തകർത്തിരുന്നു. കാട്ടാന ഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനം വകുപ്പ് സംഘം ദൗത്യവുമായി മുന്നോട്ട് പോവുകയാണ്.
Leave a Reply