രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.

ഇന്ത്യയ്ക്കും പ്രിയങ്കരി

1952ൽ രാജ്ഞിയുടെ കിരീടധാരണം നടക്കുമ്പോൾ ജവഹർലാൽ നെഹ്റുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പല ഇന്ത്യൻ നേതാക്കളുമായും രാജ്ഞിക്ക് അടുത്ത വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും അടുപ്പം ഇന്ദിരാഗാന്ധിയോടും. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും പ്രത്യേക താൽപര്യം പുലർത്തുന്നതിലും രാജ്ഞി ശ്രദ്ധപുലർത്തി.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കൾ. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015-ലെയും 2018-ലെയും യുകെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിർവചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

എലിസബത്ത് തന്റെ പദവിയോട് നീതി പുലർത്തിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചിച്ചു. ബ്രിട്ടനും കോൺവെൽത്ത് രാജ്യങ്ങൾക്കുമായി നിസീമമായ സേവനം അർപ്പിച്ചെന്ന് ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണമാണ്. പാര്‍ലമെന്‍റിന്‍റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.