ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞി കേരളം സന്ദർശിക്കുന്നു. ഇതാദ്യമായാണ് ക്വീൻ എലിസബത്ത് കേരളത്തിലെത്തുന്നത്. രാജ്ഞിയുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് നേരത്തെ കേരളം സന്ദർശിച്ചിരുന്നു.90 വയസുള്ള രാജ്ഞിക്ക് തന്റെ അവസാനകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ മോഹമുദിച്ചത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസിൽ കേരളത്തെ കുറിച്ചുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടത്.
ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടൻ സന്ദർശിച്ച ഇന്ത്യൻ സംഘത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. അന്ന് കാവി നിറമുള്ള കോട്ടണിഞ്ഞ് എത്തിയ സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നായിരുന്നു രാജ്ഞിയുടെ കമന്റ്. തുടർന്ന് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും മറ്റു വൈവിദ്ധ്യങ്ങളും സുരേഷ് ഗോപി വിവരിച്ചത് രാജ്ഞി സാകൂതം കേട്ടിരുന്നു. ഇതോടെയാണ് കേരളത്തിൽ എത്തണമെന്ന മോഹം രാജ്ഞിക്ക് കലശലായത്. രാജ്ഞിയുടെ ഈ ആഗ്രഹം അടുത്തിടെ ബക്കിംഗ്ഹാം കൊട്ടാരം സുരേഷ് ഗോപിയെ അറിയിച്ചു. സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജ്ഞിയുടെ ആഗ്രഹം അറിയിച്ചു.
രാജ്ഞി വരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു. എന്നാൽ, മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതി സന്ദർശനം എന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ നേതാക്കൾക്ക് രാജ്‌ഞിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെങ്കിലോ എന്നുകരുതിയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ട് വച്ചത്. സുരേഷ് ഗോപിയും അതിനോട് യോജിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്ന് രാജ്ഞിക്ക് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികളുള്ളതിനാൽ മിക്കവാറും അടുത്ത വർഷം ഏപ്രിൽ ഒന്നിന് ആയിരിക്കും രാജ്ഞി കേരളത്തിലെത്തുക എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.