ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂയോർക്കിനും ലണ്ടനും ഇടയ്ക്ക് മണിക്കൂറിൽ 3000 മൈൽ വേഗത്തിൽ ചീറിപ്പായുന്ന ട്രെയിനുകൾ. നെറ്റി ചുളിക്കണ്ട, ഇത് ഭാവിയിൽ യാഥാർത്ഥ്യം ആയേക്കാം. വെറും 54 മിനിറ്റ് കൊണ്ട് യുകെയേയും ന്യൂയോർക്കിനെയും ബന്ധിപ്പിക്കുന്ന മെഗാ ടണൽ നിർമ്മിക്കാൻ പദ്ധതിയിടുന്നതായുള്ള വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. നിലവിൽ 8 മണിക്കൂറാണ് ന്യൂയോർക്കും ലണ്ടനും തമ്മിലുള്ള സമയം. ഇതാണ് ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുന്നത്.
ഹൈപ്പർ ലൂപ്പ് സാങ്കേതികവിദ്യയിലൂടെയാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക് ഹൈപ്പർ ലൂപ്പ് സാങ്കേതികവിദ്യയുടെ കടുത്ത ആരാധകനാണ്. യുകെയെയും യുഎസിനേയും ബന്ധിപ്പിക്കുന്ന ഹൈപ്പർ സോണിക് അണ്ടർ വാട്ടർ ടണലിൽ ട്രെയിനുകൾ 3000 മൈൽ വേഗതയിൽ സഞ്ചരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സ്വപ്ന പദ്ധതി നടപ്പിലാകുന്നതിന് ഏകദേശം 16 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വാക്വം ട്യൂബ് സാങ്കേതികവിദ്യയിലൂടെയാണ് ട്രെയിനുകൾക്ക് ഇത്രയും സഞ്ചാര വേഗം ആർജിക്കാൻ സാധിക്കുന്നത്. വാക്വം ട്യൂബ് സാങ്കേതികവിദ്യയിൽ വായു പ്രതിരോധം തീരെയില്ല. എന്നാൽ 2 ആഗോള നഗരങ്ങൾ തമ്മിലുള്ള 3000 മൈൽ ദൂരത്തിൽ പാത നിർമ്മിക്കാൻ എത്ര സമയം എടുക്കും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
വാക്വം ട്യൂബ് സാങ്കേതികവിദ്യ പ്രാവർത്തികമാക്കാൻ മാത്രമായി ഇലോൺ മസ്ക് ദി ബോഗിംഗ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. 2013 – ലാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലും ചൈനയിലും ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നുണ്ട്. വിമാനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹാർദ്ദവുമായിരിക്കും ഈ യാത്രാ മാർഗ്ഗമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എങ്കിലും നിലവിലെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ടണൽ നിർമ്മിക്കാൻ വർഷങ്ങൾ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply