യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.

സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.