ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനു (34.5 ബില്യൺ പൗണ്ട് ) വാങ്ങാൻ ഇലോൺ മസ്ക് മുന്നോട്ടുവെച്ച ഓഫർ ട്വിറ്റർ ബോർഡ് അംഗീകരിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് ഇത്തരത്തിലൊരു വാഗ്ദാനം മസ്ക് മുന്നോട്ടുവെച്ചത്. വളരെയധികം സാധ്യതകളുള്ള ഒരു പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്നും, കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്വിറ്റർ തുടക്കത്തിൽ മസ്കിന്റെ ഓഫർ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ചർച്ചകൾക്ക് ശേഷമാണ് ബോർഡ് ഈ തീരുമാനം അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ മേധാവി ആയിരിക്കുന്ന ഇലോൺ മസ്ക്, ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെതന്നെ ഏറ്റവും കോടീശ്വരനായ വ്യക്തിയാണ്. 273.6 ബില്യൺ ഡോളർ ആസ്തി മസ്കിന് ഉണ്ടെന്നാണ് ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്തത്.
ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ പ്രത്യേകത സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യം ആണ്. ഇത്തരത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്ന് മസ്ക് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ട്വിറ്ററിൽ കൂടുതൽ പുതിയ പ്രത്യേകതകൾ കൊണ്ടുവരുവാനും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അടുത്തിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളെ നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയനേതാക്കളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും ശ്രമങ്ങളെയാണ് മസ്ക് എതിർക്കുന്നത്. കമ്പനിയുടെ ഒൻപത് ശതമാനത്തിൽ കൂടുതൽ ഓഹരി നേരത്തെതന്നെ മസ്ക് സ്വന്തമാക്കിയിരുന്നു.
ട്വിറ്റർ ഏറ്റെടുത്തത് സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയില്ല. സോഷ്യൽ മീഡിയ രംഗത്തെ മറ്റൊരു നിർണായകമായ ചുവടുവെപ്പാണ് ഇതെന്ന് യുകെ ഡിജിറ്റൽ, കൾച്ചർ, മീഡിയ ആൻഡ് സ്പോർട്സ് കമ്മിറ്റി എം പി ജൂലിയൻ നൈറ്റ് ട്വിറ്ററിൽ കുറിച്ചു.
Leave a Reply