യുകെ കാര്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് ജനപ്രീതി കുറയുന്നു. ഒരു വര്‍ഷത്തിനിടെ 37.2 ശതമാനം ഇടിവാണ് ഡീസല്‍ കാറുകളുടെ വില്‍പനയില്‍ നേരിട്ടത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഒരു കാലത്ത് മുന്‍നിരയിലായിരുന്ന ഡീസല്‍ കാറുകളുടെ വിപണി ഇപ്പോള്‍ വെറും 32 ശതമാനം കാറുകളുടെ വില്‍പനയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ലോക്കല്‍ അതോറിറ്റികളും സിറ്റികളും പഴയ ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത്.

നിരോധനത്തിനുള്ള നിര്‍ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡീസല്‍കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. അതുകൊണ്ടുതന്നെ പുതിയ ഡീസല്‍ കാറില്‍ പണം മുടക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഈ മാസം തന്നെയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ പ്രാബല്യത്തിലായത്. ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഈ ഇന്ധനത്തില്‍ നിന്ന് മുക്തിനേടുന്നത് ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് നീക്കം. അതേസമയം ഗവണ്‍മെന്റിന്റെ പുതിയ നികുതി നിര്‍ദേശം പഴയ ഡീസല്‍ വാഹനങ്ങള്‍ മാറ്റി പുതിയ ലോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എസ്എംഎംടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു.

ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകളുടെ വില്‍പനയില്‍ മാര്‍ച്ചില്‍ 5.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് 200 മില്യന്‍ പൗണ്ടാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ വിലയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിനുമായി കൂടുതല്‍ പണവും ഗവണ്‍മെന്റ് വകയിരുത്തിയിട്ടുണ്ടെന്നും എസ്എംഎംടി കണക്കുകള്‍ പറയുന്നു. മാര്‍ച്ച് മാസം കാര്‍ വിപണിയില്‍ ഉണര്‍വുള്ള മാസമാണ്. ഡീസല്‍ കാറുകളുടെ വില്‍പനയില്‍ കുറവുണ്ടായിട്ടും കാര്‍ വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ നാലാമത്തെ മാര്‍ച്ചാണ് കഴിഞ്ഞു പോയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.