ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

 

എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.