ന്യൂസ് ഡെസ്ക്. മലയാളം യുകെ
ജീവിതച്ചെലവ് ലഘൂകരിക്കുന്നതിൻെറ ഭാഗമായി ജനങ്ങൾക്ക് ഊർജ്ജ ബില്ലുകളിൽ സർക്കാർ സഹായം ലഭിക്കുമെന്ന് സ്പ്രിംഗ് ബജറ്റിന് മുന്നോടിയായി ചാൻസലർ അറിയിച്ചു. ഇതുവഴി ഊർജ്ജ വില ഗ്യാരന്റി (ഇ.പി.ജി) ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്കും കൂടി £2,500 ആയി നിലനിർത്തും. ഊർജ്ജ വില ഒക്ടോബറിലെ പ്രവചനത്തേക്കാൾ 50% കുറവാണെങ്കിലും ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. അതുകൊണ്ട് തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള സഹായം ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. സ്പ്രിംഗ് ബജറ്റിൽ വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും പണപ്പെരുപ്പം പകുതിയായി കുറയ്ക്കുന്നതിനും കൂടുതൽ ജനങ്ങളെ ജോലിയിൽ ഉൾപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനുമാണ് ശ്രദ്ധ കൊടുക്കുന്നതെന്നും ചാൻസലർ പറഞ്ഞു.
ഒക്‌ടോബർ മുതൽ ഗവൺമെന്റ് പിന്തുണകൊണ്ട് ഒരു സാധാരണ കുടുംബത്തിൻറെ എനർജി ബില്ലിൽ 1,300 പൗണ്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചാൻസലർ ഊർജ വില ഗ്യാരന്റി മൂന്ന് മാസത്തേക്ക് നീട്ടിയതിനാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഓഫ്‌ജെമിന്റെ വില ജനങ്ങളുടെമേൽ വരില്ല. ജൂലൈ മുതൽ കുറഞ്ഞ ഹോൾസെയിൽ ഗ്യാസിന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഏപ്രിലിൽ തങ്ങളുടെ ബില്ലുകൾ വർദ്ധിക്കുമെന്ന ആശങ്കയിലായിരുന്നു ഭൂരിപക്ഷം ജനങ്ങളും . ഈ സാഹചര്യത്തിലാണ് സർക്കാർ ഊർജ്ജ വില ഗ്യാരണ്ടി വേനൽക്കാലം വരെ നീട്ടിയിരിക്കുന്നതെന്ന് പ്രധാന മന്ത്രി റിഷി സുനക് പറഞ്ഞു. ഉയർന്ന ഊർജ്ജ ബില്ലുകൾ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണെന്നും അതിനാലാണ് ഊർജ്ജ വില ഗ്യാരന്റി നിലവിലെ തലത്തിൽ നിലനിർത്തുന്നതെന്ന് ചാൻസലർ ജെറമി ഹണ്ട് തൻെറ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ മുതൽ ഊർജ്ജ ബില്ലുകൾ കുറയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
Leave a Reply