ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ ശൈത്യകാലത്തിനു മുൻപ് ഊർജ്ജ വിലയിൽ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നു . എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെ ഗ്യാസ്, വൈദ്യുതി വിലകളിൽ നേരിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . പ്രതിവർഷം ഏകദേശം 1% വില വർദ്ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകൾക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും.
ഊർജ്ജ ബില്ലുകൾക്ക് പരുധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബില്ലുകളുടെ തുക നിർണ്ണയിക്കപ്പെടുക. പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഗാർഹിക ഊർജ്ജ ബിൽ പ്രതിവർഷം £17 വർദ്ധിച്ച് £1,737 ആയി ഉയരുമെന്ന് ഊർജ്ജ കൺസൾട്ടൻസി കോൺവാൾ ഇൻസൈറ്റിലെ വിദഗ്ധർ പ്രവചിച്ചു. സാധാരണ അളവിൽ ഊർജ്ജം ഉപയോഗിക്കുന്ന ഒരു വീടിനെ സംബന്ധിച്ച് ഊർജ്ജ വിലയിൽ 1% വാർഷിക വർദ്ധനവ് ഉണ്ടാകുമെന്ന് ആണ് കണക്കാക്കപ്പെടുന്നത് . മൊത്തവ്യാപാര വിപണികളിലെ ഊർജ്ജ ചെലവിനെ അടിസ്ഥാനമാക്കി, ഓഫ്ജെം ഓരോ മൂന്ന് മാസത്തിലും വീടുകൾക്കുള്ള വില പരിധി മാറ്റുന്നു.
നിരവധി കുടുംബങ്ങൾ ഇപ്പോഴും ബില്ലുകൾ അടയ്ക്കാനും ഉയർന്ന വിലയുടെ കാലഘട്ടത്തിൽ ഉണ്ടായ ഊർജ്ജ കടം തിരിച്ചടയ്ക്കാനും പാടുപെടുന്നുണ്ടെന്ന് എൻഡ് ഫ്യൂവൽ പോവർട്ടി കോളിഷന്റെ കോർഡിനേറ്റർ സൈമൺ ഫ്രാൻസിസ് പറഞ്ഞു . ശരാശരി ഒരു കുടുംബം ഇപ്പോഴും കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൽകിയതിനേക്കാൾ നൂറുകണക്കിന് പൗണ്ട് കൂടുതൽ നൽകുന്ന അവസ്ഥ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply