ലണ്ടന്‍: എനര്‍ജി ഡ്രിങ്കുകള്‍ സ്കൂളുകളില്‍ നിരോധിക്കണമെന്ന് അധ്യാപകര്‍. കുടിവെള്ളത്തേക്കാള്‍ വില കുറവായതിനാല്‍ കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചതായി വ്യക്തമായതോടെയാണ് അധ്യാപകര്‍ ഇവ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനകളിലൊന്നായ എന്‍എഎസ്യുഡബ്ല്യുടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരം പാനീയങ്ങളില്‍ പഞ്ചസാരയും കഫീനും അമിതമായി അടങ്ങിയിട്ടുള്ളതിനാല്‍ തലവേദന, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യൂണിയന് വിലയിരുത്തുന്നു.
25 പെന്‍സിലും താഴെ മാത്രം വിലയുള്ള എനര്‍ജി ഡ്രിങ്കുകള്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളും വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ട്രാന്സലേഷണല് റിസര്‍ച്ച് ഇന്‍ പബ്ലിക് ഹെല്‍ത്തിലെ ഫ്യൂസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട എനര്‍ജി ഡ്രിങ്കിന്റെ 500 മില്ലിലിറ്റര്‍ ക്യാനില്‍ 160 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുള്ളതായാണ് വ്യക്തമായത്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി മാനദണ്ഡമനുസരിച്ച് ശരാശരി 11 വയസുള്ള കുട്ടിക്ക് ഒരു ദിവസം നല്കാവുന്ന പരിധിയാണ് ഇത്.
ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് പോലും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് എന്ന മട്ടിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള സ്റ്റിമുലന്റുകളെക്കുറിച്ച് കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അറിയില്ല എന്നതാണ് വാസ്തവമെന്നും അധ്യാപക സംഘടന വിലയിരുത്തുന്നു.
Leave a Reply