ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്‌സിൻ പാസ്പോർട്ടുകൾ ഗവൺമെന്റ് രഹസ്യമായി നടപ്പിലാക്കിയതായി പുതിയ ആരോപണം. ഡൊമസ്റ്റിക് വാക്സിൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള ഓപ്ഷൻ എൻ എച്ച് എസിന്റെ ആപ്പിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു ആരോപണം മുന്നോട്ടുവന്നിരിക്കുന്നത്. ഇത് യുകെയിലെ പല പൊതുഇടങ്ങളിലും പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണെന്നാണ് കുറ്റപ്പെടുത്തൽ. എംപിമാരുടെ സമ്മതമില്ലാതെ തന്നെ ഗവൺമെന്റ് തങ്ങളുടെ തീരുമാനം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ലിബറൽ ഡെമോക്രാറ്റ് എംപിമാർ കുറ്റപ്പെടുത്തി.


എന്നാൽ ജനങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കാനാണ് ഈ നടപടിയെന്നും അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട് . സെപ്റ്റംബറോടുകൂടി ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടാകും. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എൻഎച്ച്എസ് ആപ്പിൽ ഗവൺമെന്റ് പുതിയ മാറ്റങ്ങൾ വരുത്തിയത്. ഇതിലൂടെ എൻഎച്ച് എസ്‌ കോവിഡ് പാസ് വിഭാഗത്തിൽ ഡൊമസ്റ്റിക് സർട്ടിഫിക്കറ്റും, യാത്ര ചെയ്യാനുള്ള ട്രാവൽ പാസ്സും ജനങ്ങൾക്ക് വെവ്വേറെയായി ലഭിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം ആപ്പിലെ ഡൊമെസ്റ്റിക് സെക്ഷനിൽ പേരിനോടും ജനനത്തീയതിയോടുമൊപ്പം വാക്സിൻ എടുത്തതായി സ്ഥിരീകരിക്കുന്ന ക്യു ആർ കോഡും ജനങ്ങൾക്ക് ലഭ്യമാകും. നൈറ്റ് ക്ലബ്ബുകളിലും മറ്റും കഴിഞ്ഞദിവസം ഗവൺമെന്റ് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നു വരുന്നുണ്ട്.