ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളിൽ ഉയർന്ന കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, 16 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം പാനീയങ്ങൾ വിൽക്കുന്നത് ഇംഗ്ലണ്ടിൽ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം, ലിറ്ററിന് 150 മില്ലിഗ്രാമിൽ കൂടുതൽ കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ കടകളിലും വെൻഡിംഗ് മെഷീനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കാൻ കഴിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിൽ ഏകദേശം ഒരു ലക്ഷം കുട്ടികൾ ദിവസേന ഉയർന്ന കഫെയ്ൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്ക മേഖലകളിലെ കുട്ടികളിലാണ് ഉപയോഗം കൂടുതലെന്ന് കണ്ടെത്തി. ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ഉത്കണ്ഠ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നോക്ക അവസ്ഥ തുടങ്ങിയ ശാരീരിക–മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

നിയമം നടപ്പിലായാൽ പ്രായപരിധി പാലിക്കുന്നതിന്റെ ഉത്തരവാദിത്വം വ്യാപാര സ്ഥാപനങ്ങൾക്കായിരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 2,500 പൗണ്ട് വരെ പിഴ ചുമത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഈ നടപടി സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും വ്യാപകമായി പിന്തുണച്ച നടപടിയാണിതെന്നും ആരോഗ്യ സംഘടനകൾ പ്രതികരിച്ചു.