മിനി ന്യൂക്ലിയര്‍ സ്റ്റേഷനുകളെ പിന്തുണയ്ക്കുന്നവര്‍ യുകെയില്‍ ആരംഭിക്കാനിരിക്കുന്ന ചെറുകിട പദ്ധതികള്‍ക്കായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത് ബില്യന്‍ കണക്കിന് പൗണ്ട്. ഔദ്യോഗിക രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. വന്‍കിയ ന്യൂക്ലിയര്‍ പ്രോജക്ടുകളേക്കാള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചെറുകിട പദ്ധതികള്‍ക്കു വേണ്ടി ഇവര്‍ വാദിക്കുന്നത്. കാറ്റാടിപ്പാടങ്ങള്‍ക്കും സോളാര്‍ പവര്‍ പ്രോജക്ടുകള്‍ക്കും വേണ്ടി വരുന്ന വലിയ സാമ്പത്തികച്ചെലവുമായി താരതമ്യം ചെയ്താല്‍ ഇവ വളരെ ചെലവു കുറഞ്ഞതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്ലാന്റുകള്‍ക്കായി ആവശ്യപ്പെടുന്ന വന്‍ ബജറ്റ്, ചെലവു കുറവാണെന്ന അവകാശവാദത്തെ ഇല്ലാതാക്കുന്നതാണെന്ന വിലയിരുത്തല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
ചില എനര്‍ജി കമ്പനികള്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനായി 3.6 ബില്യന്‍ പൗണ്ട് വരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഗവണ്‍മെന്റ് കമ്മീഷന്‍ഡ് റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. റെഗുലേറ്റര്‍മാരുടെ അംഗീകാരത്തിനായി പ്ലാന്റുകളുടെ ഡിസൈന്‍ സമര്‍പ്പിക്കുന്നതിനായി 480 മില്യന്‍ പൗണ്ട് നല്‍കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ടത്രേ. സാധാരണഗതിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോളുണ്ടാകുന്ന ചെലവുകള്‍ കമ്പനികള്‍ തന്നെയാണ് വഹിക്കാറുള്ളത്. പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനായി 10 കമ്പനികളാണ് നേരിട്ടുള്ള സര്‍ക്കാര്‍ നിക്ഷേപത്തിന് അപേക്ഷിച്ചിരിക്കുന്നത്.
എക്‌സ്‌പെര്‍ട്ട് ഫിനാന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ സ്‌മോള്‍ റിയാക്ടേഴ്‌സിന്റെ ബ്രീഫിംഗ് പേപ്പറുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ പേരുവിവരങ്ങള്‍ ഈ രേഖയിലുണ്ടെങ്കിലും ഏതു കമ്പനിയാണ് പൊതുധനത്തിനായി ആവശ്യമുന്നയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ചെറുകിട പ്ലാന്റുകള്‍ എന്നത് കാലഹരണപ്പെട്ട ആശയമാണെന്ന് ഈ രേഖകള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ ഡേവിഡ് ലോറിയെന്ന ന്യൂക്ലിയര്‍ പോളിസ് കണ്‍സള്‍ട്ടന്റ് പറയുന്നു. ഇത്തരം പ്ലാന്റുകളുടെ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമായി 44 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
Leave a Reply