ലണ്ടന്‍: സ്മാര്‍ട്ട് മീറ്ററുകള്‍ അടിയന്തരമായി ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി എനര്‍ജി കമ്പനികള്‍. ഇവ ഘടിപ്പിക്കാത്തത് നിയമവിരുദ്ധ നടപടിയാണെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എസ്എംഎസുകളും ഇമെയിലുകളും കത്തുകളും ഫോണ്‍കോളുകളും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്ത്ൃ നിയമങ്ങളുടെ ലംഘനമാണെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് കമ്പനികളെ അറിയിച്ചു.
പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ 11 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ക്ക് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. 300 പൗണ്ടെങ്കിലും ഒരു വീട്ടില്‍ ഈ മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകും. എന്നാല്‍ ഇവ സ്ഥാപിച്ചാലും വര്‍ഷത്തില്‍ മിച്ചം 11 പൗണ്ടിന്റെ ചെലവ് കുറക്കാനേ സാധിക്കുകയുളളുവെന്നും നിരീക്ഷണമുണ്ട്. മീറ്ററുകള്‍ മാറ്റിവെക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നാണ് ചില കമ്പനികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്. അതിന് തയ്യാറാകാത്ത ഉപഭോക്താക്കളുടെ വീടുകളിലേക്ക് എന്‍ജിനീയര്‍മാരെ അയക്കുകയാണെന്നും വിവരമുണ്ട്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ 2008ല്‍ കൂട്ടിച്ചേര്‍ത്ത വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍കിട ഊര്‍ജ്ജ കമ്പനികളുടെ കൂട്ടായ്മയായ എനര്‍ജി യുകെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇത്തരം മീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമാകുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നതെങ്കിലും നാമമാത്രമായ കുറവേ ഇക്കാര്യത്തിലുണ്ടാവുകയുള്ളുവെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെമും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply