ലണ്ടന്‍: സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന വീടുകളില്‍ അധികമായി വരുന്ന വൈദ്യുതി കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മില്യണ്‍ പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കമ്പനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ‘എക്‌സ്‌പോര്‍ട്ട് താരിഫ്’ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളോട് ലണ്ടന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നീക്കത്തോട് ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്.

അതേസമയം 2019 ഏപ്രിലോടെ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ തീരുമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് ചാരിറ്റി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ എനര്‍ജി രാജ്യത്തിന് ഗുണപ്രദമായി നിലനില്‍ക്കുന്ന ഒന്നാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഒരു പദ്ധതിയെന്ന നിലയിലാണ് സോളാര്‍ സംരഭങ്ങളെ നാം കാണുന്നത്. ഏതാണ്ട് 1 മില്യണ്‍ വീടുകളിലും 1,000 സ്‌കൂളുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ക്യാംപെയ്‌നര്‍ ഗ്രൂപ്പ് അംഗം നീല്‍ ജോണ്‍സ് പറഞ്ഞു.

ഗവര്‍മെന്റിന്റെ പുതിയ നീക്കം പ്രതികൂല ഫലമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍ പിയര്‍ ജെന്നി ജോണ്‍സും വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുതിയ മാറ്റം 800,000ത്തിലധികം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2010ന് ശേഷം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അതേസമയം വീടുകളില്‍ മിച്ചം വരുന്ന വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പദ്ധതിയെ ന്യായീകരിച്ച് ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജി രംഗത്ത് വന്നു. പദ്ധതി എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് സഹാകമാവും എന്നാണ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജിയുടെ വാദം.