ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഓഫറുകൾ ഈ ശൈത്യകാലത്ത് തിരികെ എത്തിയേക്കും. ഇതിലൂടെ വൈദ്യുതി ഉപയോഗം കുറച്ച് പവർകട്ട് ഇല്ലാതാക്കാനാണ് പദ്ധതിയിടുന്നത്. ശൈത്യകാലത്ത് ഊർജ്ജ സംരക്ഷണ പദ്ധതി തിരികെകൊണ്ടുവരുന്നത് ഭാവി മുന്നിൽകണ്ടുള്ള തീരുമാനമാണെന്ന് നാഷണൽ ഗ്രിഡ് ഇഎസ്ഒ അഭിപ്രായപ്പെട്ടു. യൂറോപ്പിലെയും യുകെയിലെയും ഗ്യാസ് വിതരണത്തിന് യുക്രെയ്ൻ യുദ്ധം തടസമായിരുന്നു.
യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസ് എന്ന പദ്ധതി തുടങ്ങി. ഇതിലൂടെ ഉപഭോക്താകൾക്ക് നൂറ് പൗണ്ട് വരെ ലാഭിക്കാൻ കഴിഞ്ഞു. എന്നാൽ സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. ഗ്യാസ് വില കുതിച്ചുയർന്നതോടെ ഗാർഹിക ബില്ലിലും കുതിച്ചുചാട്ടം ഉണ്ടായി. ഒരു സാധാരണ കുടുംബത്തിന് ബില്ലുകൾ പ്രതിവർഷം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ രംഗത്തെത്തിയിരുന്നു. എന്നാൽ എനർജി ബില്ലുകൾ ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.
ഒരു സാധാരണ കുടുംബത്തിന് ഗ്യാസിനും വൈദ്യുതിക്കുമായി പ്രതിവർഷം £2,074 ചിലവാകുമെന്നാണ് കണക്കുകൾ. 2021 ലെ ശൈത്യകാലത്ത് ഇത് £1,277 ആയിരുന്നു. ശൈത്യകാലത്തിനു മുന്നോടിയായി സേവനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റർ ഊർജ്ജ വിതരണക്കാരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഊർജ സംരക്ഷണത്തിനായി ആളുകളുടെ പൂർണ സഹകരണം ആവശ്യമാണെന്നും നാഷണൽ ഗ്രിഡ് അറിയിച്ചു.
Leave a Reply