ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/WalsinghamCatholicTV