ന്യൂസീലൻഡിനെതിരെ തകർപ്പൻ വിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. 119 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ടോം ലാഥം ഒഴികെ ആർക്കും തിളങ്ങാനാകാതെ പോയതോടെ കിവീസ് 45 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. ലാഥം 65 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 57 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. 1992നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടക്കുന്നത്. മാത്രമല്ല, ന്യൂസീലൻഡിനെ ലോകകപ്പിൽ തോൽപ്പിക്കുന്നത് 1983നുശേഷം ആദ്യവും!
ഒൻപത് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഇംഗ്ലണ്ട് ബോളർമാരിൽ കൂടുതൽ ശോഭിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നട്ടെല്ലായ ജോണി ബെയർസ്റ്റോയാണ് കളിയിലെ കേമൻ. ഇതോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിക്കുന്ന മൂന്നാമത്തെ ടീമായത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണ് മുൻപ് സെമിയിൽ കടന്നത്. തോറ്റെങ്കിലും ന്യൂസീലൻഡും ഏറെക്കുറെ സെമിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി ന്യൂസീലൻഡ് പുറത്താകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. അതുണ്ടായില്ലെങ്കിൽ ഇക്കുറി ലോകകപ്പ് സെമി ലൈനപ്പിനുള്ള സാധ്യത ഇങ്ങനെ: ഓസ്ട്രേലിയ X ന്യൂസീലൻഡ്, ഇന്ത്യ X ഇംഗ്ലണ്ട്.
സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഹെൻറി നിക്കോൾസിന്റെ വിക്കറ്റ് നഷ്ടമാക്കിയ ന്യൂസീലൻഡിന് ശ്രദ്ധേയമായൊരു കൂട്ടുകെട്ടുപോലും തീർക്കാനായില്ല. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ചാണ് നിക്കോൾസ് മടങ്ങിയത്. മാർട്ടിൻ ഗപ്റ്റിൽ (16 പന്തിൽ എട്ട്), കെയ്ൻ വില്യംസൻ (40 പന്തിൽ 27), റോസ് ടെയ്‌ലർ (42 പന്തിൽ 28), ജിമ്മി നീഷാം (27 പന്തിൽ 19), കോളിൻ ഡി ഗ്രാൻഡ്ഹോം (മൂന്ന്), മിച്ചൽ സാന്റ്നർ (30 പന്തിൽ 12), മാറ്റ് ഹെൻറി (13 പന്തിൽ ഏഴ്), ട്രെന്റ് ബോൾട്ട് (ഏഴ് പന്തിൽ നാല്), ടിം സൗത്തി (16 പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ പ്രകടനം.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 305 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ താരം. 99 പന്തിൽനിന്ന് 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ബെയർസ്റ്റോ സെഞ്ചുറി കുറിച്ചത്. സഹ ഓപ്പണർ ജെയ്സൺ റോയി തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടി.
ഇംഗ്ലിഷ് ഓപ്പണർമാരുടെ കടന്നാക്രമണത്തിൽ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മൽസരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലൻഡ് ബോളർമാർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ൽ തളച്ചത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 194 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന 20 ഓവറിൽ (120 പന്തിൽ) ഇംഗ്ലണ്ടിനു നേടാനായത് 111 റൺസ് മാത്രം. ഏഴു വിക്കറ്റും നഷ്ടമാക്കി.
ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർത്ത ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ നിർത്തിയിടത്തുനിന്ന് ഇക്കുറി തുടക്കമിട്ട റോയി–ബെയർസ്റ്റോ സഖ്യം 18.4 ഓവറിലാണ് 123 റൺസെടുത്തത്. റോയി പുറത്തായശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയർസ്റ്റോ അർധസെഞ്ചുറി കൂട്ടുകെട്ട് (71) തീർത്തു.
ഏകദിനത്തിലെ 12–ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറി കുറിച്ച ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസെടുത്തു. റോയി 61 പന്തിൽ എട്ടു ബൗണ്ടറി സഹിതം 60 റൺസും നേടി. ഇവർക്കു ശേഷമെത്തിയവരിൽ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റൻ ഒയിൻ മോർഗനു മാത്രം. മോർഗൻ 40 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 42 റൺസെടുത്തു. ജോ റൂട്ട് 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 24 റൺസാണു നേടിയത്.
ജോസ് ബട്‍ലർ (12 പന്തിൽ 11), ബെൻ സ്റ്റോക്സ് (27 പന്തിൽ 11), ക്രിസ് വോക്സ് (11 പന്തിൽ നാല്), ആദിൽ റഷീദ് (12 പന്തിൽ 16) എന്നിങ്ങനയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തിൽ 15), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ജിമ്മി നീഷാം 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ട്രന്റ് ബോൾട്ട് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ന്യൂസീലൻഡിനെ മറികടന്ന് പാക്കിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. മൽസരത്തിൽ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കിൽ പാക്കിസ്ഥാന്റെ സാധ്യതകൾ പൂർണമായും അടയും. രണ്ടാമതു ബാറ്റിങ്ങിന് അവസരം ലഭിച്ചാൽ പാക്കിസ്ഥാന് മുന്നിലുള്ള വഴികൾ ഇങ്ങനെ:
ആദ്യം ബാറ്റു ചെയ്ത് 350 റൺസ് നേടുക, ബംഗ്ലദേശിനെ 311 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 400 റൺസ് നേടുക, ബംഗ്ലദേശിനെ 316 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 450 റൺസ് നേടുക, ബംഗ്ലദേശിനെ 321 റൺസിന് തോൽപ്പിക്കുക
Here’s how the #CWC19 table looks after today’s game 👀 pic.twitter.com/d0D6X6xdrd
— Cricket World Cup (@cricketworldcup) July 3, 2019
Leave a Reply