ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ദിവസങ്ങളായി നീണ്ടു നിൽക്കുന്ന മഴയെത്തുടർന്ന് ഇംഗ്ലണ്ടിൽ അൻപതോളം മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. സൗത്ത് യോർക്ക്ഷെയറിൽ ബുധനാഴ്ച വരെ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്ന് മുൻകരുതൽ നിർദേശത്തിൽ രേഖപ്പെടുത്തുന്നു. ഡോൺ നദിയിലെ ജലം ക്രമാതീതമായി ഉയർന്നതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് യോർക്ഷയറിലെ മിക്ക വില്ലേജുകളും ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടേക്ക് സാധനങ്ങളും മറ്റും എത്തിക്കുന്നത്.


ഡെർബിഷൈയറിലെ പ്രളയബാധിത പ്രദേശങ്ങൾ വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശിച്ചിരുന്നു. ഇത്തരത്തിലൊരു ദുരന്തത്തിനോട് ജനങ്ങളുടെ കൂട്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയതായി ജോൺസൺ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പ്രളയത്തെ സംബന്ധിക്കുന്ന കൃത്യമായ റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെയിൻഫോർത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. സാൽവേഷൻ ആർമിയുടെ റിപ്പോർട്ടനുസരിച്ച് കുറെയധികം ആളുകളെ ബോട്ടുകളിൽ രക്ഷപ്പെടുത്തിയെങ്കിലും, മറ്റുള്ള ആളുകൾ തങ്ങളുടെ വീടുകളിൽ തന്നെ കഴിയുവാനാണ് ശ്രമിച്ചത് എന്നും പറയുന്നു. ഫിഷ്ലേയ്ക്ക് ഏരിയായിൽ ഇനിയും കുറെയധികം ആളുകൾ വീടുകളിൽ തന്നെ ഉണ്ടെന്നത് ആശങ്കാജനകമാണെന്ന് ഡോൺകാസ്റ്റർ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡാമിയൻ അല്ലെൻ രേഖപ്പെടുത്തി. അവരെ രക്ഷപെടുത്തുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലം ഫിഷ്ലേയ്ക്ക് ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നടിയോളം വെള്ളം റോഡുകളിൽ ഉണ്ടെന്നും, ചിലയിടത്തു ട്രാക്ടറിന്റെ ഉപയോഗം മാത്രമേ സാധ്യമാവുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്. 90 ശതമാനം വീടുകളും വെള്ളത്തിനടിയിലാണ്. ഇത്തരത്തിൽ അതിരൂക്ഷമായ ഒരു പ്രളയം തന്നെ ജീവിതത്തിൽ മുൻപ് കണ്ടിട്ടില്ല എന്ന് 63 വയസ്സുള്ള ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോൺകാസ്റ്ററിലെ ബെന്റ്ലി ഗ്രാമം അതിരൂക്ഷമായി പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്. 2017 ലാണ് ഇതിനു മുൻപ് പ്രളയം ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മിക്ക വീടുകളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പ്രളയം നേരിടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.