ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇപ്‌സ്‌വിച്ചിൽ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മലയാളി യുവാവ് ഉൾപ്പടെ എട്ട് പേർ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. കഴിഞ്ഞ മാസം മുപ്പതിനാണ് പ്രതികളെ പോലീസ് പിടികൂടിയത്. അസ്ഗർ അഷെമി(21), ലോർ അഡെപെറ്റു(22), റേച്ചൽ ക്രിസ്റ്റോഫ്(22), ഫിലിപ്പ് ഒബ്സിനിനിയ(23), ഷംസ് ഹസ്സൻ (22), അലൻ ഫിലിപ്പ് (21),ഡെക്വാൻ ഗ്ലിമിൻ(22) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

ഇവർക്കെതിരെ എ ക്ലാസ് മയക്കുമരുന്ന് വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തിയതും, ബി ക്ലാസ്സ്‌ മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിച്ചതുമുൾ;പ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് സമീപകാലയളവിൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കേസുകളിൽ പ്രതിയാകുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്.

നിലവിൽ പ്രതികൾ റിമാൻഡിലാണ്. ജനുവരി 3ന് ഇവരെ ഇപ്‌സ്‌വിച്ച് ക്രൗൺ കോടതിയിൽ തുടർനടപടികൾക്ക് ഹാജരാക്കും. മലയാളി യുവാവ് പ്രതിപട്ടികയിൽ ഉണ്ടെന്നുള്ള വാർത്ത യുകെയിലെ മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പോലീസ് പുറത്തുവിടുമെന്നാണ് കരുതുന്നത്.