ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയോളം വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടതു ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പലയിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1900 ത്തോളം പേരെയാണ് ഡോൺകാസ്റ്റർ ഏരിയയിൽ നിന്നും മാത്രം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഫിഷ്ലേയ്ക്ക് ഗ്രാമത്തെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം സൈനിക പ്രവർത്തകർ സൗത്ത് യോർക്ക്ഷെയറിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രളയ ബാധിത പ്രദേശമായ സ്റ്റെയിൻഫോർത് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും പ്രധാനമന്ത്രി ജോൺസൺ രേഖപ്പെടുത്തി.

അധികൃതരിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഫിഷ്ലേയ്ക്ക് ഗ്രാമത്തിലെ പ്രളയബാധിത പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന ഷെല്ലി ബെനിറ്റ്സൺ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ സഹായങ്ങളും സന്ദർശനത്തിനിടയിൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും എന്ന് ഡോൺകാസ്റ്റർ കൗൺസിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ വീണ്ടും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇത് പ്രളയബാധിത പ്രദേശങ്ങളെ വീണ്ടും രൂക്ഷമായി ബാധിക്കുമെന്നാണ് നിഗമനം. ഡോൺകാസ്റ്ററിൽ ഏകദേശം അഞ്ഞൂറോളം ഭവനങ്ങൾ വെള്ളത്തിനടിയിലാണ്. ഫിഷ്‌ലേയ്ക്ക് ഗ്രാമത്തിൽനിന്നും നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം കൂടി ആവശ്യമായ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസന്റെ പ്രഖ്യാപനങ്ങളെല്ലാം വൈകിപ്പോയെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.