ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലന്‍ഡിനെതിരെ 242 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ഒയിൻ മോർഗനാണ് പുറത്തായത്. ജെയിംസ് നേഷമിനാണ് വിക്കറ്റ്. സ്കോർ 71ൽ നിൽക്കെ ലോക്കി ഫെർഗൂസൻ ബെയർസ്റ്റോയെ ക്ലീൻ ബോൾ ചെയ്തു. ജെയ്സൺ റോയി (20 പന്തിൽ 17), ജോ റൂട്ട് (30 പന്തിൽ ഏഴ്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (22 പന്തിൽ 9) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. കിവീസിനായി മാറ്റ് ഹെൻറി, കോളിൻ ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, ജെയിംസ് നേഷം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 24 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് (5) , ബട്‌ലർ(2) എന്നിവർ ക്രീസിൽ.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.
മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
Leave a Reply