ഏകദിന പരമ്പരയിലെ വിജയം ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അതിലുപരി ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ബര്‍മിംഗ്ഹാമിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നില്ല. ബര്‍മിംഗ്ഹാമിലേ മൈതാനത്ത് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മറ്റൊരു ചരിത്രവും ഇംഗ്ലണ്ടിനൊപ്പമാകും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലീഷ് പട സ്വന്തമാക്കും.
1877 മാര്‍ച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആകെ കളിച്ച 999 ടെസ്റ്റ് മത്സരങ്ങളില്‍ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 345 എണ്ണം സമനിലയില്‍ അവസാനിച്ചു. ആയിരാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സി രംഗത്ത് വന്നു.
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും കളത്തിലിറങ്ങുക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. എന്നാല്‍ ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നംകൂടിയാണ്. കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ
Leave a Reply