ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയതോതിൽ കൂടിയതായുള്ള വാർത്തകൾ പുറത്തുവന്നു . മാർച്ചിൽ 7.54 ദശലക്ഷമായിരുന്ന വെയിറ്റിംഗ് ലിസ്റ്റ് ഏപ്രിൽ അവസാനം 7.57 ദശലക്ഷത്തിലെത്തിയതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത് . ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും വൻ തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


എൻ എച്ച്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സമയത്ത് ഋഷി സുനക് പറഞ്ഞിരുന്നു. സർക്കാർ സ്വീകരിച്ച പല നടപടികൾ മൂലം വെയിറ്റിംഗ് ലിസ്റ്റ് കുറയുന്നതിന്റെ സൂചനകൾ വന്നിരുന്നു. നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ സെപ്റ്റംബറിനെക്കാൾ കുറവാണ്. സെപ്റ്റംബർ മാസത്തിലാണ് എൻഎച്ച്എസിൽ റെക്കോർഡ് വെയിറ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷം രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ആഴ്ചകളിൽ വെയിറ്റിംഗ് ലിസ്റ്റ് കുറയുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.


എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളപ്പിഴകളാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി പ്രധാനമായും ആയുധമാക്കുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനും നവീകരണത്തിനുമാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം പ്രശ്നങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയായേക്കും.