ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച നടക്കാനിരിക്കുന്ന യൂറോ 2024 ഫൈനലിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ഇംഗ്ലണ്ട് ആരാധകർ ഇപ്പോൾ. ഇതിനു പിന്നാലെ ടീമിന്റെ ജേഴ്സിയും മറ്റും വിൽക്കുന്ന തിരക്കിലാണ് ചില്ലറ വ്യാപാരികൾ. പബ്ബുകളും റെസ്റ്റോറൻ്റുകളും കളി ആസ്വദിക്കാനായി വരുന്ന ആരാധകർക്കായുള്ള ഭക്ഷണവും പാനീയവും തയ്യാറാക്കുന്നതിൻെറ തിരക്കിലാണ്. വീടുകളിൽ ഇരുന്ന് കളി കാണുന്ന ആരാധകർക്കായി ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിൽപ്പന വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർമാർക്കറ്റുകൾ.

പബ്ബുകളിൽ ഗെയിം കാണാൻ താത്പര്യപ്പെടുന്ന ആരാധകർ സീറ്റുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചു. ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ്റെ (ബിബിപിഎ) കണക്കനുസരിച്ച്, ഫൈനൽ ദിവസം 10 ദശലക്ഷം പൈൻ്റ് അധികമായി വിൽക്കപ്പെടുമെന്നാണ് ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ്റെ (ബിബിപിഎ) കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി ഏകദേശം 50 മില്യൺ പൗണ്ട് അധിക വരുമാനം പബ്ബുകൾക്ക് ലഭിക്കും. മുൻ കൺസർവേറ്റീവ് സർക്കാർ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയാൽ രാത്രി വൈകിയും പബ്ബുകൾ പ്രവർത്തിപ്പിക്കാം എന്ന് പറഞ്ഞിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 1 മണി വരെ പബ്ബുകളിൽ കളി കാണാൻ വരുന്ന ആരാധകർക്ക് നിൽക്കാനുള്ള അനുവാദം ഇന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ടൂർണമെൻ്റിലെ ഇംഗ്ലണ്ടിൻ്റെ മുന്നേറ്റം ബിയർ വിൽപനയിൽ 227 മില്യൺ പൗണ്ട് ലാഭം ഉണ്ടാക്കിയതായി ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ (ബിബിപിഎ) പറയുന്നു.