ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മിക്ക സർവകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാലകളുടെ വരുമാനത്തിൽ തുടർച്ചയായ മൂന്നാം വർഷവും ഇടിവ് നേരിട്ടതായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ ആണ് അറിയിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയുന്നതാണ് വരുമാനം കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മാറ്റിവെച്ച് പലരും ബഡ്ജറ്റ് കമ്മിയെ മറികടക്കാൻ ശ്രമിക്കുകയാണ്. ഇതുകൂടാതെ പല യൂണിവേഴ്സിറ്റികളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഓഫീസ് ഫോർ സ്റ്റുഡന്റ്‌സിന്റെ (OfS) വാർഷിക സാമ്പത്തിക പരിശോധന കണ്ടെത്തിയ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്. പിടിച്ചു നിൽക്കുന്നതിനായി പല സർവകലാശാലകളും 400 മില്യണിലധികം വിലമതിക്കുന്ന ഭൂമിയും സ്വത്തുക്കളും വിറ്റഴിക്കാൻ പദ്ധതിയിടുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ നിന്നല്ലാതെ വിദ്യാർത്ഥികളെ പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തതാണ് മിക്ക സർവകലാശാലകളും നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 21 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനർത്ഥം ഈ മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾ വീണ്ടും കൂടും എന്നാണെന്ന് ഒ എഫ് എസിന്റെ റെഗുലേഷൻ ഡയറക്ടർ ഫിലിപ്പ് പിക്ക്ഫോർഡ് പറഞ്ഞു. ട്യൂഷൻ ഫീ കുറവുള്ള യു കെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുള്ള കമ്മി നികത്താൻ ആണ് സർവകലാശാലകൾ പ്രധാനമായും അന്താരാഷ്ട്ര വിദ്യാർഥികളെ ആശ്രയിക്കുന്നത്. എന്നാൽ സമീപകാലത്ത് ഏർപ്പെടുത്തിയ കുടിയേറ്റ വിസ നയങ്ങൾ മൂലം അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. അടുത്തയിടെ തദ്ദേശീയ തിരഞ്ഞെടുപ്പിൽ റീഫോം യുകെ ഉയർത്തിയ വെല്ലുവിളികളെ നേരിടാൻ സർക്കാർ കുടിയേറ്റ നയം കർശനമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇത് ഏറ്റവും ആദ്യം പെർമനൻ്റ് വിസയ്ക്കായി അപേക്ഷിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ആണ് ബാധിക്കുക എന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു