ഫാസില്‍  പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ഒരുക്കി. എന്നെന്നും കണ്ണേട്ടന്റെ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ റിലീസിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. നായകനും നായികയും പുതുമുഖങ്ങളായിരുന്നു.

വിഷു റിലീസായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വിജയം നേടിയില്ല. വിഷു റിലീസായി എത്തിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങള്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഫാസില്‍ സിനിമയില്‍ അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം പിന്നീട് തിരക്കുള്ള അഭിനേതാക്കളായി മാറിയെങ്കിലും എന്നെന്നും കണ്ണേട്ടന്‍ സിനിമയിലൂടെ അരങ്ങേറിയ നായകനും നായികയും പിന്നീട് സിനിമകളിലൊന്നും അഭിനയിച്ചില്ല.

തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും മികച്ച ഒരു ഫാസില്‍ ചിത്രമായി ഇപ്പോഴും പ്രേക്ഷകര്‍ വിലയിരുത്തുന്ന സിനിമയാണ് എന്നെന്നും കണ്ണേട്ടന്റെ. സിനിമയിലെ പാട്ടുകളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ജെറി അമല്‍ദേവായിരുന്നു സംഗീതം. മധു മുട്ടം എഴുതിയ കഥയ്ക്ക് ഫാസില്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.

കണ്ണന്‍ എന്ന റ്റൈറ്റില്‍ കഥാപാത്രമായി എത്തിയത് സംഗീത് പിള്ള ആയിരുന്നു. സംഗീതിന്റെ ആദ്യ ചിത്രവുമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. മീശമുളച്ച് തുടങ്ങുന്ന കണ്ണന്‍ എന്ന കൗമാരക്കാരനായ കഥാപാത്രത്തെ നവാഗതനായ സംഗീത് മനോഹരമാക്കുകയും ചെയ്തു. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം എന്ന യേശുദാസ് പാടിയ സൂപ്പര്‍ഹിറ്റ് ഗാനം സിനിമയില്‍ സംഗീത് ആണ് പാടി അഭിനയിച്ചിരിക്കുന്നത്. ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് സംഗീതിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആസ്‌ട്രേലിയയില്‍ പഠിക്കുകയായിരുന്നു സംഗീത്. ഓസ്‌ട്രേലിയയില്‍ ജോലിചെയ്യുകയായിരുന്നു സംഗീതിന്റെ രക്ഷിതാക്കള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടിയാണ് സംഗീത് കേരളത്തില്‍ എത്തുന്നത്. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിന് ശേഷം ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു. രണ്ടായിരത്തി അഞ്ച് മുതല്‍ ബിബിഡിഓ എന്ന മള്‍ട്ടിനാഷണല്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടായിരത്തി എട്ടുമുതല്‍ പത്ത് വരെ ഈ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഭാഗമായി കുറച്ച് നാള്‍ ഇന്ത്യയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബസമേതം ന്യൂയോര്‍ക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട കണ്ണേട്ടന്‍. വന്ദനയാണ് ഭാര്യ. മൂന്ന് കുട്ടികളാണ് സംഗീതിനും വന്ദനയ്ക്കും. അര്‍ജുന്‍, അവിനാശ്, ലീല.

കണ്ണേറ്റന്റെ രാധികയായി സിനിമയില്‍ തിളങ്ങിയ നടി സോണിയ ജി നായര്‍ ആണ്. സോണിയ ബാലതാരമായിട്ടാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. മനോരഥം, തീക്കടല്‍, ഞാനൊന്ന് പറയട്ടെ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സോണിയ അഭിനയിച്ചിരുന്നു. നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് സോണിയയ്ക്ക് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. കോട്ടയം ബിസിഎം കോളേജില്‍ പ്രിഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സോണിയ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം സോണിയ അഭിനയത്തോട് ബൈ പറയുകയായിരുന്നു. ശരറാന്തല്‍ എന്ന ദൂരദര്‍ശന്‍ സീരിയലിലും സോണിയ അഭിനയിച്ചിരുന്നു.

മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു നടി. കോളേജ് പഠനകാലത്ത് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കലാതിലകപട്ടവും സോണിയ നേടിയിരുന്നു. വിവാഹത്തിന് ശേഷം സോണിയ ഓസ്‌ട്രേലിയയിലേക്ക് പോകുകയാരുന്നു. എന്നാല്‍ നൃത്തപഠനം തുടരുകയും ചെയ്തു. വെസ്റ്റേന്‍ ആസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്ന് പിച്ച്ഡിയും കരസ്ഥമാക്കി സോണിയ. ഇപ്പോള്‍ നൃത്താധ്യാപിക കൂടിയാണ് കണ്ണേറ്റന്റെ രാധിക. മകള്‍ മാളവികയും നര്‍ത്തകിയും പാട്ടുകാരിയുമാണ്. കുടുംബസമേതം ഓസ്‌ട്രേയിലയിലെ പെര്‍ത്തിലാണ് താമസം.