ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇഷ കൊടുങ്കാറ്റ് ശക്തമായിരിക്കുന്നതിനാൽ യുകെയിൽ മുഴുവൻ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞിരിക്കുകയാണ്. ലണ്ടനിലും സൗത്ത് ഈസ്റ്റിന്റെ ചില ഭാഗങ്ങളും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും മെറ്റ് ഓഫീസിന്റെ ആംബർ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത വരെയുള്ള കാറ്റുകൾക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. യുകെയിലാകമാനം ഇത്തരമൊരു ജാഗ്രതാ നിർദേശം ലഭിക്കുന്നത് അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ സ്‌കോട്ട്‌ ലൻഡിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 100 ​​മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന റെഡ് അലർട്ടും പുലർച്ചെ വരെ നിലവിലുണ്ട്. സ്കോട്ട് ലാൻഡിലെ വടക്ക് തുർസോ, വിക്ക്, കിഴക്ക് ഫ്രേസർബർഗ്, പീറ്റർഹെഡ്, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ ജീവൻ അപകടത്തിലേയ്ക്ക് നയിക്കാവുന്ന തരത്തിലുള്ള ശക്തമായ കാറ്റുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോശമായ കാലാവസ്ഥ മൂലം റെയിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്. അതേസമയം എയർ ട്രാഫിക് കൺട്രോളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ചില വിമാനങ്ങൾ റദ്ദാക്കുന്നതിനും, ചിലത് വഴി തിരിച്ചു വിടുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. ഈജിപ്തിലെ ഷാർമെൽ ഷെയ്ഖിൽ നിന്ന് ഗ്ലാസ്‌ഗോ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ടുയി വിമാനം കൊടുങ്കാറ്റ് കാരണം അടിയന്തരമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കൂടാതെ ടെനറൈഫിൽ നിന്ന് തിരികെ വരുകയായിരുന്ന വിമാനം എഡിൻബറോയിൽ ഇറക്കുവാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജർമ്മനിയിലെ കൊളോൺ ബോൺ വിമാനത്താവളത്തിൽ ഇറക്കി.

വടക്കൻ അയർലൻഡിൽ 45,000, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 8,000, വെയിൽസിൽ 3,000 എന്നിങ്ങനെ പതിനായിരങ്ങൾ വൈദ്യുതിയില്ലാതെയാണ് കഴിയുന്നത്. തീവ്രവും വിനാശകരവുമായ കാറ്റുകൾ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലും ഇഷ കൊണ്ടുവരുമെന്നാണ് മുന്നറിയിപ്പുകളിൽ വ്യക്തമാക്കുന്നത്. യുകെയിൽ ഉടനീളം വ്യാപകമായ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി മുടങ്ങാനുള്ള സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് കാലാവസ്ഥ ഓഫീസ് നൽകുന്നത്.