യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടല്ല. യുകെയുടെ പരമോന്നത പദവി അലങ്കരിക്കുന്ന പ്രധാനമന്ത്രി റിഷി സുനക് ഒരു ഇന്ത്യൻ വംശജനാണെന്നത് അഭിമാനത്തോടെയാണ് യുകെയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജർ കാണുന്നത്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിലും ആരോഗ്യ മേഖല പോലുള്ള തൊഴിൽ ഇടങ്ങളിലും വെന്നിക്കൊടി പാറിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വിജയഗാഥകൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമാനമായ ഒരു അപൂർവ്വ വിജയത്തിൻറെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മധുസ്മിത ജെന ദാസ് മാരത്തോൺ ഓടിയത് 42.5 കിലോമീറ്ററാണ്. മധുസ്മിതയുടെ നേട്ടത്തെ വ്യത്യസ്തമാക്കിയത് അവരുടെ വേഷമായിരുന്നു . ചുവന്ന സാരിയുടുത്താണ് 4 മണിക്കൂറും 50 മിനിറ്റും കൊണ്ട് മധുസ്മിത മാരത്തോൺ പൂർത്തിയാക്കിയത്.

ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഏറ്റവും പൈതൃകം അവകാശപ്പെടാവുന്ന വേഷമാണ് സാരി . തന്റെ ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതി സാരിയുടുത്ത് മാരത്തോണിൽ പങ്കെടുത്ത മധുസ്മിതയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലായത് . ഒട്ടേറെ പേരാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ മധുസ്മിതയ്ക്ക് പിന്തുണയുമായി എത്തിയത്. തന്റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന വസ്ത്രധാരണരീതി പിന്തുടർന്ന് യുകെയിലെ തന്നെ രണ്ടാമത്തെ വലിയ മാരത്തണായ മാഞ്ചസ്റ്റർ മാരത്തണിൽ ഓടിയത് മഹത്തായ ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതായി എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്